തദ്ദേശ സ്വയംഭരണ വകുപ്പ് വിഭജിച്ചതിനെ തുടര്‍ന്ന് നഗരസഭാ കൗണ്‍സിലില്‍ ഭരണപക്ഷം കൊണ്ടുവന്ന പ്രമേയത്തെച്ചൊല്ലി ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം നടന്നു. പ്രതിപക്ഷം ഇറങ്ങിപ്പോയി.
സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് വിഭജിച്ച് മൂന്ന് മന്ത്രിമാര്‍ക്ക് കീഴിലാക്കിയതിനെതിരെ ഭരണപക്ഷത്തെ പി.വി. ബാബുരാജാണ് പ്രമേയം അവതരിപ്പിച്ചത്. സി.വി. ഗിരീശന്‍ പിന്തുണച്ചു. പ്രമേയത്തെ അനുകൂലിച്ച് സി.പി.എം അംഗം കെ.വി. അജയകുമാറും സി.പി.ഐയിലെ സി. ലക്ഷ്മണനും സംസാരിച്ചു. എതിര്‍ത്തുകൊണ്ട് മുസ്‌ലിംലീഗിലെ കൊങ്ങായി മുസ്തഫ, അള്ളാംകുളം മഹ്മൂദ് എന്നിവരും സംസാരിച്ചു. തുടര്‍ന്ന് പ്രമേയം പാസാക്കാന്‍ ഭരണപക്ഷം ശ്രമിച്ചപ്പോള്‍ പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് മുന്‍കൂട്ടി തീരുമാനിച്ച 33 അജണ്ടകളും പാസാക്കിയതായി അറിയിച്ച് ചെയര്‍പേഴ്‌സന്‍ തന്റെ ചേമ്പറിലേക്കു പോയി.
തിരിച്ചെത്തിയ പ്രതിപക്ഷാംഗങ്ങള്‍ ചെയര്‍പേഴ്‌സന്റെ നടപടിയില്‍ പ്രതിഷേധിച്ച് ചേമ്പറിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് ഭരണപക്ഷം തടഞ്ഞതോടെ വാക്കേറ്റവും ഉന്തും തള്ളും നടന്നു. ഏറെനേരത്തെ ബഹളത്തിനു ശേഷം പ്രതിപക്ഷാംഗങ്ങള്‍ പിരിഞ്ഞുപോയതോടയാണ് രംഗം ശാന്തമായത്. ചെയര്‍പേഴ്‌സന്‍ റംല പക്കര്‍ അധ്യക്ഷത വഹിച്ചു. ചട്ടപ്രകാരം ഓരോന്നായി ചര്‍ച്ചക്കെടുത്താണ് അജണ്ടകള്‍ അംഗീകരിച്ചതെന്ന് ചെയര്‍പേഴ്‌സന്‍ പിന്നീട് പറഞ്ഞു.


0 comments:
Post a Comment