Subscribe Twitter Twitter

Saturday, June 18, 2011

തളിപ്പറമ്പിലെ മാലിന്യ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം


നാല് മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചക്കൊടുവില്‍ തളിപ്പറമ്പിലെ മാലിന്യപ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം. തളിപ്പറമ്പ് എം.എല്‍.എ ജെയിംസ് മാത്യു മുന്‍കൈയെടുത്ത്് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രശ്‌നത്തിന് പരിഹാരമായത്.
പ്രശ്‌നപരിഹാരത്തിനായി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഡി. വനജ ചെയര്‍മാനും മുനിസിപ്പല്‍ സെക്രട്ടറി പി. രാധാകൃഷ്ണന്‍ കണ്‍വീനറുമായി ഉപസമിതി രൂപവത്കരിച്ചു. സമരസമിതി നേതാക്കളും ഇതില്‍ അംഗങ്ങളാണ്.


ഇതേത്തുടര്‍ന്ന് സമരം പിന്‍വലിച്ചതായി സമരസമിതി നേതാക്കള്‍ അറിയിച്ചു. സമരത്തെത്തുടര്‍ന്ന് അഞ്ചു ദിവസമായി നഗരത്തിലെ മാലിന്യ നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്നുമുതല്‍ പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങള്‍ സംഭരിച്ച് ട്രഞ്ചിങ് ഗ്രൗണ്ടില്‍ എത്തിക്കും.

പ്ലാസ്റ്റിക് മാലിന്യം എടുക്കേണ്ടതില്ലെന്നും ഉപസമിതി യോഗം തീരുമാനിച്ചു.ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നഗരസഭാ അധികൃതര്‍ ഇന്ന് വ്യാപാരികളുടെ യോഗം വിളിച്ചിട്ടുണ്ട്.

എം.എല്‍.എ നിര്‍ദേശിച്ചതനുസരിച്ച് ട്രഞ്ചിങ് ഗ്രൗണ്ടില്‍ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഇവിടത്തെ വലിയ കുഴിയില്‍ കട്ടികൂടിയ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതില്‍ നിക്ഷേപിക്കും. അതിനുമുകളില്‍ മഴവെള്ളം ഉള്ളിലേക്ക് കടക്കാത്ത രീതിയില്‍ വീണ്ടും പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതില്‍ മണ്ണിട്ട് മൂടും.
കെട്ടിക്കിടക്കുന്ന വളമാലിന്യം മഴവെള്ളം തട്ടാത്ത രീതിയില്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂരയുണ്ടാക്കി സൂക്ഷിക്കാനും തീരുമാനിച്ചു. മലിനജലം ഗ്രൗണ്ടിന് പുറത്തേക്ക് ഒഴുകാതെ ടാങ്ക് കെട്ടി അതില്‍ സംഭരിക്കും.

ഈ വെള്ളം വളം നിര്‍മാണത്തിന് ഉപയോഗിക്കും. ഇനി സംഭരിക്കുന്ന മാലിന്യങ്ങള്‍ ഭൂമിയില്‍ സ്‌പര്‍ശിക്കാത്ത രീതിയില്‍ പ്ലാസ്റ്റിക് മാലിന്യം നീക്കിയ ഷെഡിനകത്തേക്ക് മാറ്റിയിടും. ഇത് യഥാസമയം വളമാക്കി മാറ്റുന്ന പ്രക്രിയ കാര്യക്ഷമമായി  നടപ്പാക്കും. ഇപ്പോള്‍ ഇതിന് സാധിക്കാത്തത് ജോലിക്കാരില്ലാത്തതിനാലാണെന്ന് സെക്രട്ടറി അറിയിച്ചു.

തഹസില്‍ദാര്‍ കെ.കെ. വിജയന്‍, നഗരസഭാ ചെയര്‍പേഴ്‌സന്‍ റംലാ പക്കര്‍, മുന്‍ ചെയര്‍മാന്‍ വാടിരവി, വൈസ് ചെയര്‍മാന്‍ കോമത്ത് മുരളീധരന്‍, കൗണ്‍സിലര്‍മാരായ ഡി. വനജ, സി.സി. ശ്രീധരന്‍, അള്ളാംകുളം മഹമൂദ്, കൊങ്ങായി മുസ്തഫ, പി. മുഹമ്മദ് ഇഖ്ബാല്‍, സ്മരസമിതി നേതാക്കളായ എന്‍.പി. അബൂബക്കര്‍ സിദ്ദീഖ്, ഷക്കീര്‍ അലി എന്നിവരും പി. ഗംഗാധരന്‍, ടി. ബാലകൃഷ്ണന്‍, എസ്.ഐ വി. ഉണ്ണികൃഷ്ണന്‍, എച്ച്.ഐ. ശ്രീനിവാസന്‍ എന്നിവരും സംബന്ധിച്ചു. ഉച്ചക്കുശേഷം ഉപസമിതി ട്രഞ്ചിങ് ഗ്രൗണ്ട് സന്ദര്‍ശിച്ച് തുടര്‍പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചു.

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...