
കടുത്തവേനലില്‍ ശുദ്ധജലം കിട്ടാതെ നഗരവാസികള്‍ വിഷമത്തില്‍. പല പൊതു ടാപ്പുകളും ഉപയോഗശൂന്യമായത് കുടിവെള്ളം കിട്ടാനുള്ള പ്രയാസം വര്‍ധിപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കരിമ്പത്തു നിന്നാണ് നഗരസഭയിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. കരിമ്പം പുഴയില്‍ വെള്ളം കുറഞ്ഞത് പമ്പിങ്ങിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പരിഹാരമായി ജപ്പാന്‍ പദ്ധതിയിലൂടെ നഗരസഭയിലെത്തുന്ന ശുദ്ധജലം വാട്ടര്‍ അതോറിട്ടിയുടെ ടാങ്കിലേക്ക്കൂടി എത്തിക്കണമെന്ന ആവശ്യം ഉയര്‍ന്നു.
ശുദ്ധജല ലഭ്യത കുറഞ്ഞതിനാല്‍ വര്‍ഷങ്ങളായി നഗരസഭാപരിധിയില്‍ വാട്ടര്‍ അതോറിട്ടി പുതിയ കണക്ഷനുകള്‍ നല്‍കാറില്ല. മൂവ്വായിരത്തിലേറെ അപേക്ഷകള്‍ ഓഫീസില്‍ കെട്ടിക്കിടക്കുന്നുണ്ട്. വാട്ടര്‍ അതോറിട്ടിയുടെ ടാങ്കിലേക്ക് കരിമ്പത്തുനിന്ന് ദിവസം മൂന്നുമണിക്കൂര്‍ മാത്രമാണ് ഇപ്പോള്‍ പമ്പിങ്ങ് നടക്കുന്നത്. നേരത്തെ ഇത് ഏഴ് മണിക്കൂറോളം നീണ്ടിരുന്നു. പുഴയിലെ ജലക്ഷാമമാണ് പമ്പിങ്ങ്‌സമയം കുറയാന്‍ ഇടയാക്കുന്നത്. ആസ്പത്രികളും വിദ്യാലയങ്ങളും വീടുകളും കടുത്ത ശുദ്ധജലക്ഷാമം നേരിടുമ്പോഴും അധികൃതര്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണ്.
നഗരസഭയ്ക്ക് ചുറ്റുമുള്ള പഞ്ചായത്തുകളിലേക്ക് ജപ്പാന്‍ പദ്ധതി ശുദ്ധജലമെത്തിക്കുമ്പോഴും നഗരസഭയില്‍ വിതരണമില്ലാത്തത് നേരത്തേതന്നെ വിവാദമായിരുന്നു. ആടിക്കുംപാറയില്‍ കൂറ്റന്‍ ടാങ്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ജപ്പാന്‍ പദ്ധതിയിലെ വെള്ളം ഇപ്പോള്‍ ആടിക്കുംപാറവരെ എത്തിച്ചിട്ടുണ്ട്. ഇതില്‍ നിന്നും കരിമ്പത്തെ വാട്ടര്‍ അതോറിട്ടിയുടെ ടാങ്കിലേക്ക് വെള്ളം ഒഴുക്കിവിടണമെന്നും നഗരത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. തളിപ്പറമ്പിന്റെ റോഡുകളും വഴികളും ജപ്പാന്‍ പദ്ധതിയിലെ ശുദ്ധജലമൊഴുകാന്‍ വെട്ടിപ്പൊളിച്ചിട്ടും തദ്ദേശവാസികളുടെ ശുദ്ധജലക്ഷാമം പരിഹരിക്കാത്ത അവസ്ഥയാണുള്ളത്.
കടപ്പാട്: മാതൃഭൂമി


0 comments:
Post a Comment