Subscribe Twitter Twitter

Thursday, March 24, 2011

തളിപ്പറമ്പ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ വിശേഷങ്ങള്‍


തളിപ്പറമ്പില്‍ യു.ഡി.എഫ് ഇറക്കുമതി സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധം

യു.ഡി.എഫിന്റെ ഇറക്കുമതി സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തകരില്‍ പ്രതിഷേധവും മുറുമുറുപ്പും ഉയരുന്നു. തളിപ്പറമ്പ് അസംബ്ലി മണ്ഡലചരിത്രത്തില്‍ 1970ല്‍ ഒഴികെ എല്ലായ്‌പ്പോഴും എല്‍.ഡി.എഫിനെയാണ് പിന്തുണച്ചിരുന്നതെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ അസ്വാരസ്യം മുതലാക്കാനുള്ള യു.ഡി.എഫ്  ശ്രമത്തിനിടയാണ് 'ഇറക്കുമതി' നടന്നത്.


കോണ്‍ഗ്രസിന്റെയും മുസ്‌ലിംലീഗിന്റെയും ശക്തികേന്ദ്രമായ തളിപ്പറമ്പില്‍ ഈ കക്ഷികളില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, മണ്ഡലത്തില്‍ ഒരു പഞ്ചായത്തിലും കാര്യമായ അംഗബലമില്ലാത്ത കേരള കോണ്‍ഗ്രസ് എമ്മിന്  സീറ്റ് നല്‍കിയത് പ്രവര്‍ത്തകരില്‍ പ്രതിഷേധം ഉണ്ടാക്കിയിരിക്കയാണ്.


മണ്ഡലത്തില്‍ ചപ്പാരപ്പടവ് പഞ്ചായത്തില്‍ മാത്രമാണ് ഏതാനും പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസിനുള്ളത്. ഇവിടെയാണങ്കില്‍ മുന്നണിയുമായി സഹകരിക്കാതെ ഒറ്റപ്പെട്ട് നില്‍ക്കുന്ന അവസ്ഥയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് എതിരെ  മത്സരിച്ച ചരിത്രവും കേരള കോണ്‍ഗ്രസിനുണ്ട്.

കേരള കോണ്‍ഗ്രസ് മത്സരിക്കുന്നുവെങ്കില്‍ ഇവരുടെ പ്രതിനിധിയായി മണ്ഡലത്തില്‍ അറിയപ്പെടുന്ന ജോര്‍ജ് വടകര സ്ഥാനാര്‍ഥിയായാലും പ്രവര്‍ത്തകര്‍ അംഗീകരിക്കുമായിരുന്നു. ജോര്‍ജിന്റെയും 1982 ല്‍ സി.പി.എമ്മി ലെ സി.പി. മൂസാന്‍ കുട്ടിയോട് മത്സരിച്ച് പരാജയപ്പെട്ട പി.ടി. ജോസിന്റെയും പേരുകളാണ് ആദ്യമൊക്കെ ഉയര്‍ന്നു കേട്ടത്.

എന്നാല്‍, ഇവരെ തള്ളിയാണ് ചങ്ങനാശ്ശേരിയില്‍ നിന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായ ജോബ് മൈക്കിളിനെ തളിപ്പറമ്പില്‍ എത്തിച്ചത്. കേരള കോണ്‍ഗ്രസിനാണ് തളിപ്പറമ്പ് സീറ്റെന്ന് ആദ്യമേ പ്രചാരണം ഉണ്ടായിരുന്നങ്കിലും ഇവിടെ പ്രവര്‍ത്തകര്‍ ഇല്ലാത്തതിനാല്‍ മണ്ഡലം കോണ്‍ഗ്രസിന് ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്ഥാനാര്‍ഥി മോഹവുമായി ഏതാനും കോണ്‍ഗ്രസ് നേതാക്കളും മുമ്പന്തിയില്‍ ഉണ്ടായിരുന്നു.

തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് സി.പി.എം നേതൃത്വം

തളിപ്പറമ്പില്‍ സി.പി.എം സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റുന്ന പ്രശ്‌നമില്ലെന്ന് നേതാക്കള്‍ മണ്ഡലം കമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കി. തളിപ്പറമ്പ് മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എ സി.കെ.പി. പത്മനാഭന് സീറ്റു നിഷേധിച്ച് ജയിംസ് മാത്യുവിനെയാണ് സംസ്ഥാന നേതൃത്വം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതിനെതിരെ കഴിഞ്ഞദിവസം ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശമുയര്‍ന്നിരുന്നു.

മണ്ഡലം കമ്മിറ്റി ഏകകണ്ഠമായി സി.കെ.പിയെയാണ് സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചിരുന്നത്. ഇത് നിരസിച്ചതിനെതിരെ മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. സംസ്ഥാന കമ്മിറ്റി തീരുമാനം അറിയിക്കുന്നതിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കമ്മിറ്റിയില്‍ സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍ എത്തിയിരുന്നെങ്കിലും ഇക്കാര്യം സംസാരിക്കാന്‍ അംഗങ്ങള്‍ അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശനിയാഴ്ച വീണ്ടും ജില്ലാ-സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നത്.

യോഗത്തില്‍ കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി ടീച്ചര്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍, ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തുടങ്ങിയവരാണ് പങ്കെടുത്തത്.

 മണ്ഡലം കമ്മിറ്റിയംഗങ്ങള്‍ സി.കെ.പി. പത്മനാഭനുവേണ്ടി വാദിച്ചെങ്കിലും ജില്ലാ സെക്രട്ടറി പി. ജയരാജനും എം.വി. ഗോവിന്ദന്‍ മാസ്റ്ററും തീരുമാനത്തില്‍ മാറ്റമിെല്ലന്ന് പറയുകയായിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സി.കെ.പിക്കെതിരെ നടപടിയെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞതായും സൂചനയുണ്ട്.

 രാവിലെ ജില്ലാ കമ്മിറ്റി യോഗത്തിനുശേഷമാണത്രേ നേതാക്കള്‍ മണ്ഡലം കമ്മിറ്റി യോഗത്തിനെത്തിയത്. ജില്ലാ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റിയുടെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന തീരുമാനമാണുണ്ടായത്.

 സി.കെ.പി കര്‍ഷകസംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന രണ്ടുവര്‍ഷം മുമ്പ് ഓഫിസ് സെക്രട്ടറിയായിരുന്നയാള്‍ പണം തിരിമറി നടത്തിയിരുന്നെന്നും ഇതില്‍ സി.കെ.പി ജാഗ്രത കാട്ടിയിരുന്നില്ലെന്നുമാണത്രേ ആക്ഷേപം. ഈ വിഷയത്തിലാണ് സി.കെ.പിക്കെതിരെ നടപടിയുണ്ടാവുകയെന്ന് സൂചനയുണ്ട്.

 എന്നാല്‍, പി. ശശിക്കെതിരെ പരാതി നല്‍കിയതാണ് സി.കെ.പിക്കെതിരെ നടപടി സ്വീകരിക്കാന്‍ കാരണമെന്നാണ് അനുഭാവികള്‍ പറയുന്നത്.


വി എസ് അച്ചുദാനന്തന്‍ തളിപ്പറമ്പില്‍ പ്രസംഗിച്ചു.


മോറാഴയിലെ പോരാട്ടത്തിന്റെയും കെ.പി.ആറിന്റെ കരുത്തിന്റെയും സ്മരണകളുണര്‍ത്തി എത്തിയ മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദന്‍ അണികള്‍ക്ക് ആവേശമേകി. ബുധനാഴ്ച രാവിലെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനെത്തിയ വി.എസ്സിന് ഉജ്ജ്വല വരവേല്പാണ് ലഭിച്ചത്.

''ഒട്ടേറെ സമരപഥങ്ങളില്‍ ഏര്‍പ്പെട്ട ഒരുമണ്ണാണിത്. സ്വാതന്ത്ര്യസമരത്തോടൊപ്പം ഉജ്ജ്വല പോരാട്ടം നടന്ന മണ്ണ്. കെ.പി.ആറിന്റെ കരുത്തില്‍ തൂക്ക്കയര്‍ പറിച്ചെറിഞ്ഞ ശക്തമായ മണ്ണ്''- വി.എസ്. പറഞ്ഞു.

കേരളത്തില്‍ നമ്മെ എതിര്‍ക്കുന്നവര്‍ കല്‍ത്തുറുങ്കിലേക്ക് പോകാന്‍ അവസരം കാത്തുകിടക്കുകയാണ്. അപ്പോഴാണ് അവരെ പോലും അതിശയിപ്പിക്കുന്ന വിധത്തില്‍ ജയിലില്‍ നിന്ന് ഒരാള്‍ മത്സരിക്കാനിറങ്ങുന്നത്. സ്വാതന്ത്ര്യസമര പോരാട്ടം നടത്തിയ ഒട്ടേറെ നേതാക്കള്‍ ജയിലില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്. എന്നാല്‍ മോഷ്ടാക്കളും പിടിച്ചുപറിക്കാരുമല്ല നിയമസഭയിലേക്കോ പാര്‍ലിമെന്റിലേക്കോ മത്സരിച്ചതെന്ന കാര്യം സുഹൃത്തുക്കള്‍ മറന്നുപോകരുത്-വി.എസ്. പറഞ്ഞു.

വേലിക്കാത്ത് രാഘവന്‍ അധ്യക്ഷത വഹിച്ചു. സി.കെ.പി.പത്മനാഭന്‍ എം.എല്‍.എ., സ്ഥനാര്‍ഥി ജെയിംസ്മാത്യു എന്നിവര്‍ പ്രസംഗിച്ചു. കെ.കുഞ്ഞപ്പ സ്വാഗതം പറഞ്ഞു.


ജെയിംസ് മാത്യു പത്രികനല്കി

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ജെയിംസ് മാത്യു പത്രികനല്കി. ബ്ലോക്ക് ഓഫീസില്‍ തളിപ്പറമ്പ് നിയോജകമണ്ഡലം അസി. റിട്ടേണിങ് ഓഫീസര്‍ ഒ.രാജന്‍ മുമ്പാകെയാണ് പത്രികനല്കിയത്. സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ റംല പക്കര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനു തോമസ്, വേലിക്കാത്ത് രാഘവന്‍, വാടി രവീന്ദ്രന്‍, ടി.കെ.ഗോവിന്ദന്‍, സി.വത്സന്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.



തളിപ്പറമ്പ് യു.ഡി.എഫിന്റെ കൈകളിലെത്തിക്കുകയാണ് ദൗത്യം -ജോബ് മൈക്കിള്‍


മുപ്പത് വര്‍ഷത്തിലേറെയായി ഇടതുപക്ഷ ജനാധിപത്യമുന്നണി കൈയടക്കിവെച്ചിരിക്കുന്ന നിയോജകമണ്ഡലം യു.ഡി.എഫിന്റെ കൈകളിലെത്തിക്കുകയാണ് തന്റെ ദൗത്യമെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോബ് മൈക്കിള്‍ പറഞ്ഞു. 




നിയോജക മണ്ഡലത്തിലെ താലൂക്ക് ആസ്​പത്രിയുള്‍പ്പെടെ ശോചനീയാവസ്ഥയിലാണ്. കുടിവെള്ള പ്രശ്‌നമുണ്ട്. തളിപ്പമ്പില്‍ ഐ.ടി.രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നും സ്ഥാനാര്‍ഥിപറഞ്ഞു.


ബുധനാഴ്ച ഇവിടെയെത്തിയ ജോബ് മൈക്കിള്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചശേഷം കെ.പി.സി.സി. സെക്രട്ടറിയും മുന്‍ സ്ഥാനാര്‍ഥിയുമായിരുന്ന സതീശന്‍ പാച്ചേനിയുടെ വീട്ടിലെത്തി സഹകരണംതേടി. ടൗണിലെ എസ്.ടി.യു. ഓഫീസിലെത്തി ചുമട്ട് തൊഴിലാളികളുമായി സംസാരിച്ചു.

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...