Subscribe Twitter Twitter

Tuesday, September 28, 2010

തളിപ്പറമ്പ് നിലനിര്‍ത്താന്‍ എല്‍ ഡി എഫ്, പ്രതീക്ഷ കൈവിടാതെ യു ഡി എഫ്

ചുവപ്പിനു കാഠിന്യം കൂട്ടാനുള്ള ഒരുക്കത്തിലാണ് സി.പി.എം തളിപ്പറമ്പ് നഗരസഭയില്‍. മുന്‍ ആന്തൂര്‍ പഞ്ചായത്ത്, നഗരസഭയില്‍ ഉള്ളിടത്തോളം കാലം ഘടകകക്ഷികളുടെ സഹായമില്ലെങ്കിലും ഈ ചുവപ്പിനു
മങ്ങലേല്‍ക്കില്ലെന്ന ഉറച്ച വിശ്വാസവും അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് വര്‍ഷങ്ങളായി സി.പി.ഐ വിജയിക്കുന്നഒരുസീറ്റാവശ്യപ്പെട്ടിട്ടും സി.പി.എം പുറംതിരിഞ്ഞു നില്‍ക്കുന്നതും.
20 വര്‍ഷത്തെ പഴക്കം മാത്രമാണ് തളിപ്പറമ്പ് നഗരസഭക്കുള്ളത്. 1955ല്‍ രൂപവത്കരിക്കപ്പെട്ട തളിപ്പറമ്പ് പഞ്ചായത്തില്‍ 1962ല്‍ പട്ടുവം പഞ്ചായത്ത് കൂട്ടിച്ചേര്‍ത്ത് വിപുലീകരിച്ചെങ്കിലും 1975ല്‍ പട്ടുവം പഞ്ചായത്ത് വേര്‍പെടുത്തി പഞ്ചായത്ത് പുനഃസ്ഥാപിച്ചു. പഞ്ചായത്തിന്റെ ചരിത്രത്തില്‍ സി.പി.എമ്മിന് ഭരിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍, സി.പി.ഐ നേതാവ് എ.കെ. പൊതുവാള്‍ 17 വര്‍ഷക്കാലത്തോളം തളിപ്പറമ്പ് പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നിട്ടുണ്ട്. അക്കാലത്ത് സി.പി.ഐ കോണ്‍ഗ്രസ് മുന്നണിയിലായിരുന്നു. ഏറെക്കാലം മുസ്‌ലിംലീഗായിരുന്നു പഞ്ചായത്തിന്റെ സാരഥി.
1990ല്‍ ആന്തൂര്‍ പഞ്ചായത്ത് തളിപ്പറമ്പ് പഞ്ചായത്തുമായി കൂട്ടിച്ചേര്‍ത്ത് തളിപ്പറമ്പ് നഗരസഭ നിലവില്‍വന്നു. 1993ല്‍ ആന്തൂര്‍ പഞ്ചായത്തിനെ വേര്‍പെടുത്തി, തളിപ്പറമ്പ് വില്ലേജ് മാത്രമുള്ള പഴയ പഞ്ചായത്ത് പ്രദേശത്തെ മാത്രം ഉള്‍പ്പെടുത്തി നഗരസഭ നിലവില്‍വന്നു. 1995ല്‍ ആണ് നഗരസഭയില്‍ ആദ്യത്തെ ജനകീയ ഭരണസമിതി അധികാരത്തിലെത്തുന്നത്. 90-95 കാലഘട്ടത്തില്‍ സ്‌പെഷല്‍ ഓഫിസറാണ് ഭരണം നടത്തിയത്. 1995ല്‍ മുസ്‌ലിംലീഗ്, കോണ്‍ഗ്രസ് മുന്നണി നഗരം ഭരിച്ചു. 2000ല്‍ വീണ്ടും ആന്തൂര്‍ പഞ്ചായത്ത് കൂട്ടിച്ചേര്‍ത്ത് നഗരസഭ വിപുലീകരിച്ചു.
നിലവില്‍ 41 വാര്‍ഡുകളാണ് നഗരസഭയിലുള്ളത്. ഇതില്‍ സി.പി.എമ്മിന് 23ഉം മുസ്‌ലിംലീഗിന് 13ഉം കോണ്‍ഗ്രസിന് മൂന്നും ബി.ജെ.പിക്ക് രണ്ടുമാണ് കൗണ്‍സിലര്‍മാര്‍. ആന്തൂര്‍ മേഖലയില്‍നിന്നും 15 കൗണ്‍സിലര്‍മാര്‍ സി.പി.എമ്മിനുണ്ട്. ഇതില്‍ 10 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഇത്തവണ മൂന്നു വാര്‍ഡുകള്‍ കൂടി ചേര്‍ന്നതോടെ മൊത്തം 44 വാര്‍ഡായി. ആന്തൂര്‍ മേഖലയില്‍ അഞ്ചു വാര്‍ഡുകള്‍ പുതുതായി രൂപവത്കരിച്ചിട്ടുണ്ട്. ഇവയെല്ലാം സി.പി.എം കൈവരുതിയില്‍ തന്നെ. എത്ര വാര്‍ഡുകളില്‍ എതിരാളികള്‍ മത്സരരംഗത്തുണ്ടാകും എന്നതു മാത്രമാണ് ചര്‍ച്ച.
ഇത്തവണ ചെയര്‍മാന്‍ സ്ഥാനമുള്‍പ്പെടെ 23 വാര്‍ഡുകള്‍ സ്ത്രീ സംവരണമാണ്. ഇതില്‍ 13 വാര്‍ഡുകളും ആന്തൂര്‍ മേഖലയില്‍നിന്നുള്ളതാണ് എന്നത് നഗരസഭയില്‍ സി.പി.എമ്മിന്റെ പുരുഷകേസരികളുടെ എണ്ണം കുറക്കും. നിലവിലെ കൗണ്‍സിലില്‍ ഏഴു വനിതകള്‍ മുസ്‌ലിംലീഗിന്‍േറതാണ്. ഇത്തവണ ജയസാധ്യതയുള്ള സീറ്റുകളില്‍ ഏറെയും ജനറല്‍ വാര്‍ഡുകളായത് ലീഗിനു തുണയായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നിലവിലെ മൂന്നു പുരുഷ കൗണ്‍സിലര്‍മാരുടെയും വാര്‍ഡുകള്‍ ഇത്തവണ സ്ത്രീ സംവരണമാണ്. ഇനി കോണ്‍ഗ്രസിനു പ്രതീക്ഷയുള്ള ജനറല്‍ വാര്‍ഡ് രാജരാജേശ്വരവും തൃഛംബരവും പാലക്കുളങ്ങരയുമാണ്. തൃഛംബരവും പാലക്കുളങ്ങരയും ബി.ജെ.പിയുടെ സിറ്റിങ് സീറ്റായതിനാല്‍ കോണ്‍ഗ്രസ് മത്സരിക്കേണ്ടത് ബി.ജെ.പിയോടായിരിക്കും.
ചെയര്‍മാന്‍ സ്ഥാനത്തേക്ക് വനിതയെ കണ്ടെത്താന്‍ സി.പി.എമ്മില്‍ ദിവസങ്ങളായി ചര്‍ച്ച നടന്നുവരുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായില്ലെന്നറിയുന്നു. മുന്‍ ചെയര്‍പേഴ്‌സന്‍ പി.കെ. ശ്യാമള ടീച്ചര്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നുവെങ്കിലും അവര്‍ മത്സരിക്കാന്‍ തയാറാകാത്തതിനാല്‍ സി.പി.എമ്മിനു പുതിയ പേര് തേടേണ്ടിവന്നു. നിരവധി പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും നിലവിലുള്ള കൗണ്‍സിലര്‍ റംല പക്കറിനാണ് മുന്‍തൂക്കം. മറ്റു വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കുറിച്ചും തീരുമാനമായെങ്കിലും ഔദ്യോഗികമായി ഇതുവരെ പേര് പുറത്തുവിട്ടിട്ടില്ല.
ജയം ഉറപ്പിക്കാന്‍ പറ്റുന്ന ജനറല്‍ വാര്‍ഡുകളുടെ എണ്ണം കൂടിയതുകൊണ്ട് മുസ്‌ലിംലീഗിലും സ്ഥാനാര്‍ഥിത്വത്തിനായി ഏറെപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതുമൂലം സ്ഥാനാര്‍ഥി നിര്‍ണയം വൈകി. ലീഗ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞു നില്‍ക്കുന്ന ഒരുവിഭാഗം ചില വാര്‍ഡുകളില്‍ വിമതരായി രംഗത്തെത്താനും സാധ്യതയുണ്ട്. കോണ്‍ഗ്രസിലും സ്ഥിതി മറിച്ചല്ല. ജയസാധ്യതയുള്ള ആറു വാര്‍ഡുകളില്‍ ഇതുവരെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗ്രൂപ്പും ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുമായി ഒട്ടേറെ പേര്‍ സ്ഥാനമോഹവുമായി നടക്കുകയാണ്. നിലവിലെ കൗണ്‍സിലര്‍മാരില്‍ മണ്ഡലം പ്രസിഡന്റ് സി.സി. ശ്രീധരന്‍ മാത്രമാണ് മത്സരരംഗത്തുള്ളത്. ബി.ജെ.പി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. നിലവിലുള്ള രണ്ടു വാര്‍ഡുകള്‍ കീറിമുറിച്ചത് നേട്ടം ചെയ്യുമെന്നാണ് ബി.ജെ.പി കരുതുന്നത്. ഒരു വാര്‍ഡുകൂടി അധികം ലഭിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
സി.പി.ഐ പതിവുപോലെ ജയസാധ്യതയുള്ള പുളിമ്പറമ്പ് വാര്‍ഡാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ആന്തൂര്‍ ലോക്കലിലെ ഏതെങ്കിലും വനിതാ വാര്‍ഡ് നല്‍കാനാണ് സി.പി.എം നീക്കം. ഇതില്‍ സി.പി.ഐ തൃപ്തരായിട്ടില്ല. ഇതുവരെയും സഭയില്‍ ഘടകകക്ഷികളില്ലാത്ത സ്ഥിതിക്ക് സി.പി.ഐ വനിതാ സീറ്റുകൊണ്ട് തൃപ്തിപ്പെട്ടേക്കും. യു.ഡി.എഫില്‍ സി.എം.പിയും വീരന്‍ വിഭാഗം ജനതാദളും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ജയസാധ്യതയില്ലാത്ത വാര്‍ഡുകള്‍ നല്‍കാനാണ് സാധ്യത.
വാര്‍ഡുകളിലെ ഘടനയിലും എണ്ണത്തിലും മാറ്റംവന്നതോടെ ഇരുമുന്നണികളും ബി.ജെ.പിയും കൂടുതല്‍ സീറ്റ് ലഭിക്കുമെന്ന വിശ്വാസത്തിലാണുള്ളത്.
കഴിഞ്ഞ 10 വര്‍ഷത്തിലെ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുക. എന്നാല്‍, ഇതുവരെയും സാധ്യമാകാതെപോയ മാലിന്യപ്രശ്‌ന പരിഹാരവും പാളയാട് മലിനജല പ്രശ്‌നവും യു.ഡി.എഫ് പ്രചാരണായുധമാക്കും. നഗരസഭ വന്നപ്പോള്‍ മുതല്‍ കേട്ട ആഴ്ചച്ചന്തയും പൊതുമാര്‍ക്കറ്റും ഇനിയും യാഥാര്‍ഥ്യമായിട്ടില്ലെന്നിരിക്കെ വിജയപ്രതീക്ഷയുമായി പൊരുതാനൊരുങ്ങുകയാണ് മുന്നണികള്‍.
കടപ്പാട്: മാധ്യമം 

1 comments:

Ramu Kaviyoor said...

ധര്‍മ്മശാല എന്ന പേരു വരാന്‍ കാരണമെന്തെന്നു പറയാമോ?

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...