Subscribe Twitter Twitter

Tuesday, September 28, 2010

തളിപ്പറമ്പ നഗര സഭയുടെ അവസാന യോഗം.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ചെയ്തുതീര്‍ത്ത സേവനങ്ങള്‍ ഓര്‍മിപ്പിച്ചും സഹകരിച്ച മനസ്സുകള്‍ക്ക് നന്ദി പറഞ്ഞും നഗരസഭയുടെ അവസാനത്തെ കൗണ്‍സില്‍ യോഗം ചൊവ്വാഴ്ച ഉച്ചയ്ക്ക് അവസാന മണിമുഴക്കി പിരിഞ്ഞു. രാവിലെ തുടങ്ങിയ യോഗത്തില്‍ 28 അജണ്ടകള്‍ ചര്‍ച്ചയില്‍ വന്നു. ഒന്നുപോലും മാറ്റിവെക്കുകയോ തള്ളുകയോ ചെയ്യാതെ പാസാക്കുകയും ചെയ്തു.


അജണ്ടയുടെ അംഗീകാരത്തിനുശേഷം ഇതുവരെ ചെയ്ത പ്രവൃത്തികളെക്കുറിച്ചും നടക്കാതെപോയ പദ്ധതികളെക്കുറിച്ചും ചെയര്‍മാന്‍ വാടി രവീന്ദ്രന്‍തന്നെയാണ് തുടക്കമിട്ട് സംസാരിച്ചത്. ഈ ഉത്തരവാദപ്പെട്ട സ്ഥാനത്തേക്ക് ഞാന്‍ ഏതായാലും ഇത്തവണ വരുന്നില്ലെന്ന് ചെയര്‍മാന്‍ സൂചിപ്പിച്ചു. ഒരു കൗണ്‍സില്‍ മീറ്റിങ്‌പോലും കാണാതെയാണ് സ്ഥാനം ഏറ്റെടുത്തത്. അനുഭവം കുറവുമായിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതില്‍നിന്നുള്ള അനുഭവവും മുന്‍ കൗണ്‍സിലര്‍മാരുടെയും കക്ഷിനേതാക്കളുടെയും സഹകരണവുമുണ്ടായി. നികുതിയേതര വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം തുടങ്ങിയത്. വളരെ ഗൗരവത്തോടെയാണ് സമൂഹം കൗണ്‍സിലര്‍മാരെ കാണുന്നതെന്നും കക്ഷിരാഷ്ട്രീയത്തനതീതമായ കാഴ്ചപ്പാട് വികസന കാര്യത്തിലുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

വികസന കാഴ്ചപ്പാടൊടെ ചെയര്‍മാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് കൊങ്ങായി മുസ്തഫ പറഞ്ഞു. ട്രഞ്ചിങ് ഗ്രൗണ്ടിനെച്ചൊല്ലി പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ചെയര്‍മാന്റെ ഇടപെടല്‍ ഗുണംചെയ്തു. അതേസമയം മുഴുവന്‍ തെരുവുവിളക്കുകളും കത്തിക്കാന്‍ കഴിയാത്തതും പുതിയ ബസ്സ്റ്റാന്‍ഡിന് സ്ഥലം എടുക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതും വിഷമത്തിനിടയാക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വൈസ് ചെയര്‍മാന്‍ ടി.ബാലകൃഷ്ണന്‍, ഈറ്റിശ്ശേരി മുഹമ്മദ്കുഞ്ഞി ഹാജി, കെ.സന്തോഷ്, കല്ലിങ്കീല്‍ പത്മനാഭന്‍, എ.വി.ബാബു, കെ.സി.സരോജനി, എ.പി.ഗംഗാധരന്‍, പി.കെ.സുബൈര്‍ എന്നിവരും സംസാരിച്ചു. പിന്നീട് ഗ്രൂപ്പ്‌ഫോട്ടോയെടുത്തും ജീവനക്കാര്‍ ഒരുക്കിയ ഉച്ചഭക്ഷണം കഴിച്ചുമാണ് കൗണ്‍സിലര്‍മാര്‍ നഗരസഭാ കാര്യാലയം വിട്ടത്.
കടപ്പാട്‌: മാതൃഭുമി

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...