Subscribe Twitter Twitter

Friday, May 27, 2011

പട്ടുവത്ത് സി.പി.എം-ലീഗ് സംഘര്‍ഷം; നാലു പേര്‍ക്ക് പരിക്ക്


പട്ടുവത്ത് സി.പി.എം-മുസ്‌ലിംലീഗ് സംഘര്‍ഷം. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാപാര സ്ഥാപനവും കൊടിമരവും തകര്‍ത്തു. കാലിന് വെട്ടേറ്റ എം.എസ്.എഫ് പ്രവര്‍ത്തകന്‍ പട്ടുവം കടവിലെ കെ.പി. ഷമ്മാസ് (21), സി.പി.എം പ്രവര്‍ത്തകരായ പട്ടുവം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുള്ളൂലിലെ എം. ചന്ദ്രന്‍ മാസ്റ്റര്‍ (50), പട്ടുവം ലോക്കല്‍ കമ്മിറ്റിയംഗം വി.വി. രാജന്‍ (48), ഭാര്യ ജയശ്രീ (38), പട്ടുവം പടിഞ്ഞാറെചാലിലെ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റിയംഗവുമായ കെ. സുനില്‍കുമാര്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എം.എസ്.എഫ് പ്രവര്‍ത്തകന്‍ ഷമ്മാസിനെ ചിറവക്കിലെ സ്വകാര്യ ആശുപത്രിയിലും സി.പി.എം പ്രവര്‍ത്തകരെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ സി.പി.എമ്മുകാരെ അസഭ്യം പറഞ്ഞുവെന്ന് നേരത്തേ സി.പി.എം നേതൃത്വം ആരോപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ലീഗ് പ്രവര്‍ത്തകന്‍ വെളിച്ചാങ്കീലിലെ ടി. മൂസാന്റെ ചെമ്മീന്‍കണ്ടിയും വലയും ഒരുസംഘം സി.പി.എമ്മുകാര്‍ തകര്‍ത്തിരുന്നുവത്രെ. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച രാത്രി, സി.പി.എം നേതൃത്വത്തിലുള്ള സഹകരണസംഘം മത്സ്യവില്‍പന നടത്തുന്ന ഷെഡ് ലീഗുകാര്‍ തകര്‍ത്തതായും ആക്ഷേപമുണ്ട്.

 ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനം കടന്നുപോകുമ്പോള്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന ഷമ്മാസിനെ ഒരു സംഘം സി.പി.എമ്മുകാര്‍ തലക്കടിച്ചുവീഴ്ത്തി കാലിന് വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.

വെട്ടേറ്റുവീണ ഷമ്മാസിനെ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്ന കാര്‍ സി.പി.എമ്മുകാര്‍ അടിച്ചുതകര്‍ത്തതിനെ തുടര്‍ന്ന് പൊലീസാണ് ഷമ്മാസിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെ ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ്കുഞ്ഞിയുടെ കട തകര്‍ത്തതായും പരാതിയുണ്ട്.

അതേസമയം, സി.പി.എം പ്രതിഷേധ പ്രകടനത്തിനുനേരെ ലീഗ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതായി സി.പി.എം നേതൃത്വം ആരോപിച്ചു. കല്ലേറിലാണ് പ്രകടനത്തില്‍ പങ്കെടുത്തിരുന്ന രാജനും സുനില്‍കുമാറിനും പരിക്കേറ്റത്. കടയില്‍നിന്ന് സാധനം വാങ്ങിവരുകയായിരുന്ന ജയശ്രീക്കും കല്ലേറിലാണ് പരിക്കേറ്റത്.

ഷമ്മാസിനെ ചികിത്സക്കായി എത്തിച്ച ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടിയ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഒരു മണിയോടെ തളിപ്പറമ്പില്‍നിന്ന് മുള്ളൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ആശുപത്രിക്കു മുന്നില്‍ തടഞ്ഞാണ് ബസില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രന്‍ മാസ്റ്റര്‍ക്കുനേരെ അക്രമം നടത്തിയത്. ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതറിഞ്ഞ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ പ്രവര്‍ത്തകരെ ഒരുസംഘം ഭീഷണിപ്പെടുത്തി തിരിച്ചയച്ചു.

ഉച്ചക്കുശേഷം പട്ടുവത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വോളിബാള്‍ കളിക്കുന്ന ഗ്രൗണ്ടില്‍ കെട്ടിയുണ്ടാക്കിയ ഷെഡ് ഒരുസംഘം അഗ്‌നിക്കിരയാക്കി. വോളിബാള്‍ വലയും നശിപ്പിച്ചു. സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും അക്രമികള്‍ ഓടിമറഞ്ഞു.

 തളിപ്പറമ്പ് ഡിവൈ.എസ്.പി അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം പട്ടുവത്തും തളിപ്പറമ്പിലുമായി ക്യാമ്പ് ചെയ്യുന്നുണ്ട്. പയ്യന്നൂര്‍ സി.ഐ പി.കെ. സുധാകരന്‍, എസ്.ഐമാരായ വി. ഉണ്ണികൃഷ്ണന്‍, പി. രാജേഷ് എന്നിവരും സ്ഥലത്തുണ്ട്.

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...