Subscribe Twitter Twitter

Thursday, December 16, 2010

കണ്ണൂര്‍ വിമാനത്താവളത്തിന് തറക്കല്ലിടല്‍ നാളെ. പ്രതീക്ഷകള്‍ വാനോളം.


ഉത്തര മലബാറിന്റെ പുതിയ ചരിത്രമെഴുതുന്ന മുഹൂര്‍ത്തത്തിന് സമയമായി. വെള്ളിയാഴ്ച 11 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തിന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ശിലയിടുമ്പോള്‍ അതൊരു മഹോത്സവമാക്കാനുള്ള ഒരുക്കങ്ങളാണ് എവിടെയും. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഭരണ-രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരെല്ലാം ഒത്തുചേരും. സാക്ഷികളാവാന്‍ നാട്ടുകാരും ഒഴുകിയെത്തും.

മട്ടന്നൂര്‍-അഞ്ചരക്കണ്ടി റോഡിലെ പദ്ധതിപ്രദേശത്താണ് ശിലാസ്ഥാപന ചടങ്ങിനുള്ള വേദി ഒരുങ്ങുന്നത്. 15,000 പേരെങ്കിലും എത്തുമെന്നാണ് പ്രതീക്ഷ. ചുറ്റുമതില്‍ നിര്‍മാണം കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ലോഗോ പ്രകാശനം കേന്ദ്ര മന്ത്രി ഇ.അഹമ്മദും നിര്‍വഹിക്കും. കെ.സുധാകരന്‍ എം.പിക്ക് നല്‍കിയാണ് പ്രകാശനം. പുനരധിവാസത്തിന് വേണ്ടിയുള്ള ഫണ്ട് കൈമാറ്റം കെ.കെ.ശൈലജ എം.എല്‍.എ.ക്ക് ചെക്ക് നല്‍കി ധന മന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിക്കും. റവന്യു മന്ത്രി കെ.പി.രാജേന്ദ്രന്‍ തീറാധാരം കൈമാറും.

പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മുന്‍ കേന്ദ്ര മന്ത്രിമാരായ സി.എം.ഇബ്രാഹിം, ഒ.രാജഗോപാല്‍, മുന്‍ മന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പദ്ധതിപ്രദേശത്ത് വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ഗ്രീന്‍ ബെല്‍ട്ട് പദ്ധതിക്ക് തുടക്കംകുറിക്കും. സംസ്ഥാന മന്ത്രിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, ജോസ് തെറ്റയില്‍, പി.കെ.ശ്രീമതി, എളമരം കരീം, വി.സുരേന്ദ്രന്‍ പിള്ള, എം.പി.മാരായ കെ.സുധാകരന്‍, പി.കരുണാകരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. വിമാനത്താവള പദ്ധതിയുടെ ചുമതല വഹിക്കുന്ന മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതം ആശംസിക്കും.

പ്രമുഖ രാഷ്ട്രീയ നേതാക്കളും വാണിജ്യ പ്രമുഖരും ആശംസ നേരാനായി ചടങ്ങിനെത്തുമെന്ന് ജില്ലാ കളക്ടര്‍ വി.കെ.ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം രണ്ടുവര്‍ഷത്തിനകം ഒരുക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. നിര്‍ദിഷ്ട തലശ്ശേരി-മൈസൂര്‍ റെയില്‍വേയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ വിമാനത്താവള പരിസരംവരെ റെയില്‍പ്പാത പണിയണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. വിമാനത്താവളത്തിലേക്ക് മാത്രമായുള്ള ഗ്രീന്‍ ഫീല്‍ഡ് റോഡിനെക്കുറിച്ചും പഠനം നടക്കുന്നു.

ശിലാസ്ഥാപന ചടങ്ങിനെത്തുന്നവര്‍ക്കായി പദ്ധതിപ്രദേശത്തേക്ക് കെ.എസ്.ആര്‍.ടി.സി. പ്രത്യേക ബസ് സര്‍വീസ് നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രിക്ക് വന്നിറങ്ങാനായി മട്ടന്നൂര്‍ കോളേജ് ഗ്രൗണ്ടില്‍ ഹെലി പാഡും സജ്ജമായി. 10000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കുന്നത്. എ.ഡി.എം. പി.കെ.സുധീര്‍ബാബു, ആര്‍.ഡി.ഒ. അബ്ദുള്‍ നാസര്‍, ഡെപ്യൂട്ടി കളക്ടര്‍ റഹ്മത്ത് നസീം, കിയാല്‍ പ്രോജക്ട് എന്‍ജിനിയര്‍ എം.കെ.എ.അസീസ്, കിന്‍ഫ്ര പ്രതിനിധി കെ.വി.ഗംഗാധരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
 കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്‌ ഇവിടെ കാണാം

Courtesy: Mathrubhumi

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...